അഷ്ടമുടിക്കായലിന്റെ തീരത്തിരുന്ന് പതിനഞ്ചു വയസ്സുകാരൻ കണ്ട സ്വപ്നമായിരുന്നു, ഒരു എൻജിനീയർ ആവണമെന്നത്...പക്ഷേ, അവന്റെ സ്വപ്നങ്ങളുടെ ദിശ, കായലോളങ്ങൾക്ക് എതിരേയാണ് ഒഴുകിയത്. വീട്ടുകാരുടെ നിർബന്ധപ്രകാരം, മെഡിക്കൽ എൻട്രൻസിനു ശേഷം, ഡോക്ടർ ആവാനുള്ള ഒരുക്കത്തിലേക്ക്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ബിബിലാഷിന്, ഈ രംഗത്തോട് അടങ്ങാനാവാത്ത പാഷൻ ഉടലെടുത്തു. സർജറിയാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞ ബിബിലാഷ്, അതിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. ഫൈനൽ ഇയർ ആയപ്പോഴേക്കും, കോസ്മെറ്റിക് സർജറിയിലേക്ക് വട്ടമിട്ടിറങ്ങാൻ തന്നെ ബിബിലാഷ് തീരുമാനിച്ചു. ഇതാണ് തന്റെ കരിയർ എന്ന് തീരുമാനിച്ചുറപ്പിച്ചെങ്കിലും, സംരംഭകത്വ ലോകം അദ്ദേഹത്തെയും കാത്തിരിപ്പുണ്ടായിരുന്നു. ഒടുവിൽ, തന്റെ മനസ്സിൽ മുള പൊട്ടിയ ആശയം, തിരുവനന്തപുരം എയർപോർട്ടിനടുത്ത് 3000 സ്ക്വയർ ഫീറ്റിൽ ജന്മമെടുത്തു.
അങ്ങനെ നാല് ജീവനക്കാരുമായി കോസ്മെറ്റിക് ക്ലിനിക്കിന് തുടക്കമായി. മൂന്നുമാസത്തിനുള്ളിൽ തന്നെ, ക്ലിനിക് വിജയം കണ്ടു തുടങ്ങി. ലോണെടുത്തും ഗോൾഡ് പണയം വെച്ചും കിട്ടിയ 80 ലക്ഷം രൂപയായിരുന്നു മൂലധനം. വെറും ഒന്നര വർഷം കൊണ്ട് തന്നെ ഇതെല്ലാം തിരിച്ചടയ്ക്കാനും സാധിച്ചു. പിന്നീട് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കും ക്ലിനിക് വളർന്നു. ബിബിലാഷിന്റെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു, ഒരു കോസ്മെറ്റിക് ഹോസ്പിറ്റൽ. ഏറ്റവും ഉയർന്ന നിലവാരത്തോട് കൂടി തന്നെ അതും പൂവണിഞ്ഞു.
നാല് ജീവനക്കാരിൽ നിന്ന് 45 ജീവനക്കാരിലേക്ക് കോസ്മെറ്റിക്ക് വളർന്നു. ഒരു ഡോക്ടറിൽ നിന്ന് സംരംഭകനിലേക്കുള്ള ആറു വർഷത്തെ യാത്രയിൽ, ബിബിലാഷ് കൊയ്തെടുത്തത് സാധാരണക്കാരുടെ വിശ്വാസവവും സംതൃപ്തിയുമായിരുന്നു.