കാര്‍ട്ടൂണ്‍ എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന രൂപങ്ങളാണ് ടോമും ജെറിയും. കുട്ടികള്‍ക്ക് വേണ്ടിയെന്നും കുട്ടിക്കളിയെന്നും ഒക്കെ പറഞ്ഞാലും പ്രായഭേദമെന്യേ ഏതൊരാളെയും പിടിച്ചിരുത്തുന്ന ദൃശ്യങ്ങളാണ് കാര്‍ട്ടൂണുകളും അനിമേഷന്‍ വീഡിയോകളും. തിരക്കുകളില്‍നിന്നും മാനസീക സമ്മര്‍ദ്ദങ്ങളില്‍നിന്നുമെല്ലാം വിട്ട്, രണ്ടോ മൂന്നോ മിനിറ്റുകള്‍ക്കുള്ളില്‍ നമ്മുടെ മുഖത്തും ചെറു പുഞ്ചിരി വിരിയിക്കാന്‍, ഒന്ന് റിലാക്‌സാകാന്‍ കാര്‍ട്ടൂണുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇത്തരത്തിലുള്ള കാര്‍ട്ടൂണുകള്‍ക്ക് പിന്നിലും നിലവിലെ ബ്രാന്‍ഡിങ് സ്ട്രാറ്റജികളായ അനിമേഷന്‍ വീഡിയോ അഡ്വര്‍ടൈസ്‌മെന്റുകള്‍ക്ക് പിന്നിലും മേഖലയില്‍ പ്രാവീണ്യം നേടിയ നിരവധി പേരുടെ കയ്യൊപ്പുണ്ട്. ഇത്തരത്തില്‍ സജ്ജമായ ഒരു അനിമേഷന്‍ ഡെവലപ്പറെ വാര്‍ത്തെടുക്കുകയാണ് കൊച്ചി ആസ്ഥാനമായുള്ള ഇഗ്ലു അനിമേഷന്‍ അക്കാദമി.
അഫ്സല്‍ അഫി എന്നപേരില്‍ അറിയപ്പെടുന്ന മുഹമ്മദ് അഫ്‌സലാണ് ഇഗ്ലു അനിമേഷന്‍ അക്കാദമിയുടെ അമരക്കാരന്‍. പിക്കാച്ചു, ക്യാപ്റ്റന്‍ അമേരിക്ക, ബള്‍ബസോര്‍, ചാര്‍മാന്‍ഡര്‍, ഡോറെമോന്‍ തുടങ്ങി നിരവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ മിനിയേച്ചര്‍ രൂപങ്ങള്‍ക്ക് നടുവിലിരുന്ന് അഫ്‌സല്‍ കഥ പറഞ്ഞുതുടങ്ങി. തന്റെ കുട്ടിക്കാലം, കുട്ടിക്കാലത്ത് തന്നെ സ്വാധീനിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, മുതിര്‍ന്നപ്പോഴും വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് അവരോട് കൂട്ടുകൂടിയത്. ഒടുവില്‍ അനിമേഷന്‍ അക്കാദമി തുടങ്ങിയത്... സംരംഭകന്‍ എന്നതിലുപരി തന്റെ പാഷനാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് പറയുമ്പോള്‍ അഫ്‌സലിന്റെ മുഖത്ത് ഇഷ്ട കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ പ്രസന്നതയുമായിരുന്നു.. നിഷ്‌കളങ്കതയുണ്ടായിരുന്നു.
മലപ്പുറത്താണ് അഫ്സല്‍ ജനിച്ചുവളര്‍ന്നത്. പ്ലസ്ടു പഠനം കഴിഞ്ഞാലുടനെ ഗള്‍ഫ് എന്നതായിരുന്നു മലപ്പുറത്തെ അന്നത്തെ നാട്ടുനടപ്പ്. എന്നാല്‍ നാടോടുമ്പോള്‍ നടുവേ ഓടാതെ, അഫ്സല്‍ തിരഞ്ഞെടുത്തത് അനിമേഷന്‍ മേഖലയാണ്. അങ്ങനെ വീട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ പഠനത്തിനായി തിരുവനന്തപുരത്തേക്ക് വണ്ടികയറി. വീട്ടിലെ ഇളയമകന്റെ വാശിയായി മാത്രമാണ് അഫ്‌സലിന്റെ പഠനത്തെ വീട്ടുകാര്‍ കണ്ടത്. ഒന്നരവര്‍ഷത്തെ കോഴ്‌സില്‍ ആദ്യത്തെ ആറുമാസം നന്നായി കഷ്ട്ടപ്പെട്ടു. പഠിച്ചിരുന്ന സമയത്ത് തന്നെ ലഭിച്ച പ്രോജക്ട്, ടീമിന്റെ സഹായമില്ലാതെ ഒറ്റക്ക് പൂര്‍ത്തിയാക്കിയാണ് അനിമേഷന്‍ മേഖലയിലേക്ക് അഫ്‌സല്‍ തന്റെ വരവറിയിച്ചത്. സ്ഥാപനം ജോലി വാഗ്ദനം നല്‍കിയെങ്കിലും ഒരു മാസത്തിന് ശേഷം കൂടുതല്‍ സാദ്ധ്യതകള്‍ തേടി അനിമേഷന്‍ കമ്പനികളുടെ ഈറ്റില്ലമായ ബാംഗ്ലൂരിലേക്ക് അഫ്‌സല്‍ കൂടുമാറി. സെന്‍ട്രിക്സ് അനിമേഷന്‍ സ്റ്റുഡിയോയില്‍ (Xentrix Animation Studio) ആറുമാസം ട്രെയിനിയായും ഒരുവര്‍ഷത്തോളം സ്റ്റാഫായും ജോലി നോക്കി. അവിടെനിന്നും ഗെയിം ഓഫ് ത്രോണ്‍സ്, ലൈഫ് ഓഫ് പൈ എന്നീ ചിത്രങ്ങള്‍ക്ക് ഉള്‍പ്പെടെ VFX പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്റ്റുഡിയോയായ മുംബയിലെ പ്രാണ സ്റ്റുഡിയോയിലേക്ക്. അവിടെനിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുകയായിരുന്നു അഫ്‌സല്‍.
ഒരു അനിമേഷന്‍ വിദ്യാര്‍ത്ഥി ഒരേ സമയം ഡോക്ടറും എന്‍ജിനീയറും മെക്കാനിക്കും എല്ലാം ആകേണ്ടിവരും. ചിലപ്പോള്‍ ശരീര ഭാഗങ്ങളുടെ രൂപവും പ്രവര്‍ത്തന രീതിയും എല്ലാം മനസിലാക്കേണ്ടിയും രൂപകല്‍പ്പന ചെയ്യേണ്ടിയും വരും. ചിലപ്പോള്‍ അത് വാഹനങ്ങളുടെയോ മെഷീനറികളുടെയോ പ്രവര്‍ത്തനമായിരിക്കാം. അവയെപ്പറ്റി വ്യക്തമായി പഠിച്ചിട്ടാണ് ഓരോ അനിമേഷനുകളും രൂപപ്പെടുത്തുന്നത്. അത്തരത്തില്‍ ചിട്ടയായ പഠനമാണ് സ്ഥാപനത്തില്‍നിന്നും നല്‍കുന്നത്. അനിമേഷനെ വ്യത്യസ്ത വിഭാഗങ്ങളായി നമുക്ക് തിരിക്കാം. ആദ്യത്തെ പടി എന്നത് ഒരു ഐഡിയ കണ്ടെത്തുക എന്നതാണ്. പിന്നീട് അതിനെ സ്റ്റോറിയായും അതിനുശേഷം അതിനെ സ്‌ക്രിപ്റ്റായും ചിട്ടപ്പെടുത്തുന്നു. പിന്നാലെ വരുന്നത് സ്റ്റോറി ബോര്‍ഡിങ്ങാണ്.
ഇത് പൂര്‍ണ്ണമായും ഡ്രോയിങ്ങായാണ് ചെയ്യുന്നത്. പിന്നീട് വരുന്നത് അനിമാറ്റിക്‌സാണ്. ദ്വിമാന( 2D) ദൃശ്യങ്ങളായാണ് അനിമാറ്റിക്സ് ചെയ്യുന്നത്. ഇതില്‍ ചിത്രങ്ങള്‍ക്ക് ചലനം നല്‍കുന്നതോടൊപ്പം ഡ്യൂറേഷന്‍ സെറ്റ് ചെയ്യുന്നു. ഇതോടൊപ്പം ഡിസൈനിങ്ങും നടക്കുന്നു. കഥാപാത്രത്തിന്റെ വസ്ത്രങ്ങള്‍, പശ്ചാത്തലം, ഭാവങ്ങള്‍, പ്രവര്‍ത്തികള്‍ ഒക്കെ ചെയ്യുന്നത് ഈ ഘട്ടത്തിലാണ്. അതിനുശേഷമാണ് 3D ലോകത്തേക്ക് കടക്കുന്നതും 3D മോഡലിങ് ചെയ്യുന്നത്. പിന്നീട് ടെക്സ്ചറിങ്ങും റിഗ്ഗിങ്ങും ചെയ്യുന്നു. അതിനുശേഷമാണ് അനിമേഷന്‍ നല്‍കുന്നത്. അവസാനമായി ലൈറ്റിങ്ങും എഫക്ട്സും നല്‍കുന്നു. പിന്നീട് റെന്‍ഡറിങ് പൂര്‍ത്തിയാകുന്നതോടെ അനിമേഷന്‍ വീഡിയോ പൂര്‍ത്തിയാകുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ സംയോജിപ്പിച്ചാണ് ദൈര്‍ഖ്യമുള്ള സീനുകളും സിനിമകളും നിര്‍മ്മിക്കുന്നത്. ഇതില്‍ ഓരോ ഡിപ്പാര്‍ട്ട്മെന്റുകളും വ്യത്യസ്തമായ റോളുകളാണ് വഹിക്കുന്നത്. ഇതില്‍ ഓരോ ഡിപ്പാര്‍ട്മെന്റുകളും വ്യത്യസ്ത കോഴ്‌സുകളായി സ്പെഷ്യലൈസ് ചെയ്ത് പഠിക്കാനുള്ള അവസരവും ഇഗ്ലു ഒരുക്കുന്നു.
സിനിമ - വെബ്‌സീരിസ് - അനിമേഷന്‍ - പ്രമോഷന്‍സ് തുടങ്ങി വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സ്ഥാപനത്തിലെ അധ്യാപകര്‍. 22 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. സമാന മേഖലയില്‍ ദീര്‍ഘനാളത്തെ പ്രവര്‍ത്തിപരിചയമുള്ളവരാണ് ഇവരില്‍ മിക്കവരും. അതിനാല്‍ തന്നെ ചിട്ടയായ പരിശീലനം നല്കാനാകുമെന്നതാണ് ഇഗ്ലുവിന്റെ ഹൈലൈറ്റ്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് (സിജിഐ), നിരവധി ആനിമേഷന്‍ സ്റ്റുഡിയോ പ്രോജക്ടുകള്‍, വിവിധ നെറ്റ്ഫ്‌ലിക്‌സ് - ആമസോണ്‍ പ്രൈം ആനിമേഷന്‍ വെബ് സീരീസുകള്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഫ്‌സലിന് ആഗോളതലത്തില്‍ അറിയപ്പെടുന്ന ടെക്‌നികളര്‍, 88 പിക്‌ചേഴ്‌സ്, കോസ്‌മോസ് മായ തുടങ്ങി വിവിധ സ്ഥാപനങ്ങളിലായി ആനിമേഷന്‍ രംഗത്ത് 11 വര്‍ഷത്തിലേറെ പ്രവര്‍ത്തിപരിചയവുമുണ്ട്. കാനഡ ബേസ് ചെയ്തുള്ള ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അഫ്‌സലിനെയും ഇഗ്ലുവിനെയും തേടിയെത്തിയിട്ടുണ്ട്. ഇഗ്ലുവിന്റെ സ്വന്തം 3D ആനിമേഷന്‍ വെബ്സീരിസ് 'ഇഗ്ലു ക്രോപ്സ് ഐലന്‍ഡ്' 2025 അവസാനത്തോടെ പുറത്തിറങ്ങും.
സ്റ്റുഡന്റ് ഫ്രണ്ട്ലിയായ കോഴ്‌സും ക്യാമ്പസും ഫീസ് സ്ട്രക്ച്ചറുമാണ് ഇഗ്ലുവിനെ മികച്ചതാക്കുന്നത്. അനിമേഷന്‍ എന്ന കോഴ്‌സിന് എത്തുന്ന മിക്ക വിദ്യാര്‍ത്ഥികളും പാഷന്‍ കൊണ്ട് എത്തുന്നവരാണ്. അവരെ പ്രൊഫഷണലി ഫിറ്റ് ആക്കുക എന്നതാണ് ഇഗ്ലു ചെയ്യുന്നത്. 100% പ്രാക്ടിക്കല്‍ ക്‌ളാസിനോടൊപ്പം റിസേര്‍ച്ച് പ്രോജക്ടുകളും നല്‍കി അവരെ മികച്ച കരിയറിന് ഉടമകളാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പ്ലസ്ടു കഴിഞ്ഞ ആര്‍ക്കും ആനിമേഷന്‍ ഡിപ്ലോമക്ക് ചേരാം. പഠനത്തിന് ശേഷം ഇഗ്ലു അനിമേഷന്‍ സ്റ്റുഡിയോയില്‍ തന്നെ മൂന്ന് മാസത്തെ സ്റ്റുഡിയോ പ്രൊഡക്ഷന്‍ പരിശീലനവും നല്‍കുന്നു. ഒന്നരവര്‍ഷം, ഒരുവര്‍ഷം, ആറുമാസം, മൂന്ന് മാസം എന്നിങ്ങനെയാണ് കോഴ്‌സുകളുടെ ഡ്യൂറേഷന്‍ വരുന്നത്. അതോടൊപ്പം അനിമേഷന്‍ പഠിച്ചവര്‍ക്കും പ്രൊഡക്ഷന്‍ ലെവലില്‍ വര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ പരിശീലനവും ഒരുമാസത്തെ ക്രാഷ് കോഴ്സ് ആയി നല്‍കുന്നുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തേടുന്നവര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് ഇഗ്ലു അനിമേഷന്‍ അക്കാദമി മുന്നോട്ടുവെക്കുന്നത്.