മീന്‍ രുചി ഇനി കടലോളം
കടല്‍ വിഭവങ്ങളുടെ കലവറയൊരുക്കി മത്സ്യഫെഡ്. ഒന്നല്ല, എണ്ണിയാല്‍ ഒതുങ്ങാത്ത കടല്‍ വിഭവങ്ങള്‍ രുചിക്കാന്‍ ഒരു സുവര്‍ണാവസരം. മത്സ്യമേഖലയിലെ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ചുക്കാന്‍ പിടിച്ചിട്ടുള്ള സര്‍ക്കാര്‍ സംവിധാനമായ മത്സ്യഫെഡിന്റെ ഒരു നൂതന സംരംഭമാണ് തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം ആഴാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള 'മത്സ്യഫെഡ് കേരള സീ ഫുഡ് കഫേ'. എറ്റവും ശുദ്ധമായ മത്സ്യ ഇനങ്ങള്‍ കൊണ്ട് നാവിനും മനസ്സിനും സംതൃപ്തി നല്‍കുന്ന മത്സ്യ വിഭവങ്ങളുടെ ശ്രേണി ഈ കഫേയില്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കി വരുന്ന ഓഖി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ളതാണ് ഈ സംരംഭം. മത്സ്യബന്ധന -സാസ്‌കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് സംരംഭം ഉദ്ഘാടനം ചെയ്തത്. രുചികൂട്ട് ഒരുക്കുക മാത്രമല്ല ഈ സരംഭത്തിന് പിന്നില്‍. ഓഖി ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം പുന:സ്ഥാപിക്കുക മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സുസ്ഥിരമായ തൊഴിലും വരുമാനവും ഉറപ്പു വരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
കേരള സീ ഫുഡ് കഫേയില്‍ ഓഖി ദുരന്തത്തില്‍ മരണപ്പെട്ടതും കാണാതായ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരായ 11 പേര്‍ ജോലി ചെയ്തുവരുന്നു. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതും ഒരേ സമയം 60 പേര്‍ക്ക് ഭക്ഷണം കഴിക്കുന്നതിന് സൗകര്യവുമുള്ള കഫേയില്‍ഉച്ച ഭക്ഷണത്തിനും, സായാഹ്ന ഭക്ഷണത്തിനും വിവിധം ഇനം മത്സ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ബറുകളില്‍നിന്നോ മത്സ്യഫെഡിന്റെ സംഭരണ കേന്ദ്രങ്ങളില്‍നിന്നോ നേരിട്ട് വാങ്ങിയാണ് മത്സ്യവിഭവങ്ങള്‍ തയ്യാറാക്കുന്നത്. നെയ്യ്മീന്‍, ആവോലി,കൊഞ്ച്, കണവ, ഞണ്ട്, മോത, വേളാപ്പാര, നത്തോലി, മത്തി, ചൂര, കരിമീന്‍, കക്ക, ഹമൂര്‍, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങള്‍ ഉള്‍പ്പെടുത്തി ഫിഷ് മുളക്കറി, തേങ്ങ അരച്ച മീന്‍ക്കറി, ജിഞ്ചര്‍ കറി, ഫിഷ്‌മോളി, ഫിഷ് റോസ്റ്റ് എിങ്ങനെ വിവിധ ഇനം മത്സ്യ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുന്നു. കൂടാതെ ഫിഷ് ഫ്രൈ, ഫിഷ് വാഴയിലയില്‍ പൊള്ളിച്ചത് എന്നിവ ഉപഭോക്താക്കളുടെ ആവശ്യാനുസരണം തയ്യാറാക്കി നല്‍കുന്നു. മത്സ്യ വിഭവങ്ങള്‍ കൂടാതെ ചിക്കന്‍, ബീഫ് എന്നിവയുടെ വിഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ച ഭക്ഷണത്തിന് ഫിഷ്‌കറിയോടുകൂടിയ താലി മീല്‍സ്, ബിരിയാണി (ചിക്കന്‍, ഫിഷ്, ബീഫ്) എന്നിവയും ലഭ്യമാണ്.
സായാഹ്ന വിഭവങ്ങളില്‍ പൊറോട്ട, അപ്പം, പുട്ട്, ദോശ, ചപ്പാത്തി എന്നിവയും മത്സ്യ മാംസ വിഭവങ്ങളും മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറന്റിലൂടെ നല്‍കി വരുന്നുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പുഴുങ്ങിയ കപ്പ, ഫിഷ് തലക്കറി എന്നിവ പ്രത്യേക വിഭവമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറന്റില്‍ ഉപഭോക്താക്കളുടെ അഭിരുചിയ്ക്ക് അനുസരിച്ച് ഭക്ഷണം തയ്യാറാക്കി നല്‍കുതിന് 10 വനിതകള്‍ക്ക് കോവളത്ത് പ്രവര്‍ത്തിക്കു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി മുഖേന പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതിത സഹായത്തിനായി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി കോവളവുമായി മത്സ്യഫെഡ് കരാറില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍ നാഗമ്പടത്തും ഒരു സീ ഫുഡ് റസ്റ്റോറന്റ് ഉടനെ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ ജില്ലകളിലും മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ സീ ഫുഡ് റസ്റ്റോറന്റുകള്‍ തുടങ്ങുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തു വരുന്നത്..