Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories

'നമ്മള്‍ ഒരു കാര്യം തീവ്രമായ് ആഗ്രഹിച്ചാല്‍ അത് സാധ്യമാക്കാന്‍ പ്രപഞ്ചം മുഴുവന്‍ കൂടെ നില്‍ക്കും' പൗലോ കൊയ്‌ലോയുടെ വരികളാണിത്. 
എന്നാല്‍ രഞ്ജിത്തിന്റെ കഥ വിപരീതമാണ്. വീട്ടുകാരും നാട്ടുകാരുമുള്‍പ്പെടെ പ്രപഞ്ചം മുഴുവന്‍ എതിരെ നിന്നിട്ടും, തന്റെ സ്വപ്നം സാധ്യമാക്കിയെടുത്തൊരു ഇരുപത്തിയൊന്നു വയസ്സുകാരന്‍. അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും നാളുകള്‍... കുറ്റപ്പെടുത്തലുകളും ശാപവാക്കുകളുമൊന്നും രഞ്ജിത്തിനെ, സ്വപ്നസംരംഭത്തിലേക്കുള്ള വീഥിയില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. അങ്ങനെ ഒറ്റയ്ക്ക് നേടിയെടുത്തതാണ് ഇന്ദിര ഡയറി എന്ന ധവളസാമ്രാജ്യം.

തിരുവനന്തപുരം, കോവളം സ്വദേശിയാണ് രഞ്ജിത് കുമാര്‍ എച്ച്. ഒരു എലൈറ്റ് ക്ലാസ് ഫാമിലിയിലെ അംഗമായതുകൊണ്ടുതന്നെ, ഗവണ്‍മെന്റ് സര്‍വീസില്‍ കയറണമെന്ന് നാനാഭാഗത്തുനിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ രഞ്ജിത്തിന്റെ താല്പര്യവും ഇഷ്ടവും മറ്റൊന്നായിരുന്നു. ബിരുദ വിദ്യാഭ്യാസക്കാലത്തു തന്നെ, രഞ്ജിത്ത് തന്റെ പാത തിരഞ്ഞെടുത്തു. ഒരിക്കല്‍ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോഴാണ് വീടിനു പുറകുവശത്തായിട്ടുള്ള പശുതൊഴുത്ത് ശ്രദ്ധിക്കുന്നതും അതിനെപ്പറ്റി കൂടുതല്‍ ആലോചിക്കുന്നതും. ആ നിമിഷത്തിലാണ് ഡയറിഫാം തുടങ്ങാം എന്ന ആശയം മനസ്സില്‍ ഉദിക്കുന്നത്. തന്റെ ആശയം വീട്ടില്‍ അവതരിപ്പിച്ചെങ്കിലും എതിര്‍പ്പാണ് നേരിട്ടത്. ഒടുവില്‍ ആരുടെയും എതിര്‍പ്പിനെ വകവെക്കാതെ തനിക്കു മുന്നിലേക്ക് വന്ന ഗവണ്‍മെന്റ് ജോലി ഒഴിവാക്കി, ഡയറിഫാം ബിസിനസിലേക്ക് തിരിഞ്ഞു. മൂലധനമായി ഉണ്ടായിരുന്നത് വീട്ടിലെ രണ്ട് പശുക്കള്‍ മാത്രമായിരുന്നു. തുടക്കത്തില്‍, പശുക്കള്‍ക്ക് ആവശ്യമായ പുല്ല് കൃഷി മുതല്‍ പാല്‍ പാക്കിങ് വരെയുള്ള എല്ലാ പണികളും രഞ്ജിത്ത് ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്, കൈക്കോട്ടുമായി പുരയിടത്തിലേക്ക് പോകുന്ന രഞ്ജിത്തിനെ എല്ലാവരും പുച്ഛത്തോടെ മാത്രം നോക്കി കണ്ടു. എന്നാല്‍ അന്ന് പുച്ഛിച്ചവര്‍ ഇന്ന് അത്ഭുതത്തോടെയും അസൂയയോടെയുമാണ് രഞ്ജിത്തിന്റെ വളര്‍ച്ചയെ നോക്കി കാണുന്നത്.

കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ആത്മവിശ്വാസവുമുണ്ടെങ്കില്‍ എന്തും നേടിയെടുക്കാനാവുമെന്നതിനുള്ള തെളിവായിരുന്നു, പിന്നീടുള്ള ഓരോ വളര്‍ച്ചയും. രണ്ടു പശുക്കളില്‍ നിന്നു മൂന്നായി, മൂന്നില്‍ നിന്നു മുപ്പത്, മുപ്പതില്‍ നിന്നു മുന്നൂറ് അങ്ങനെ ഐഡി മില്‍ക്ക് വളര്‍ന്നുകൊണ്ടേയിരുന്നു. താണ്ടിയ വഴികളെല്ലാം കയ്പ്പു നിറഞ്ഞതായിരുന്നു. ഇമോഷണല്‍, ഫിസിക്കല്‍ സപ്പോര്‍ട്ടിനു പോലും ആരും കൂടെയില്ലാത്ത അവസ്ഥ. ഒരിക്കല്‍ ചിക്കന്‍പോക്‌സ് പിടിപെട്ട സമയത്ത് കൂടെയുണ്ടായിരുന്ന രണ്ടു തൊഴിലാളികളും പല കാരണങ്ങളാലും പിന്മാറി. അതോടെ, അസുഖം പൂര്‍ണ്ണമായും മാറുന്നതിനു മുന്‍പ് തന്നെ രഞ്ജിത്ത് കൃഷിയിടത്തിലേക്ക് ഇറങ്ങി. അന്ന് തീരുമാനിച്ചതാണ് തന്റെ സഹായം ഇല്ലെങ്കിലും പശുക്കള്‍ക്ക് വെള്ളവും ഭക്ഷണവും കഴിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നുള്ളത്. പിന്നീട് അങ്ങോട്ട്, ഓട്ടോമാറ്റിക് മെഷീനുകള്‍ കണ്ടുപിടിച്ചു ഉപയോഗിച്ചു തുടങ്ങി. പുല്ല് നനയ്ക്കുന്നതിനും പശുവിന് ആഹാരം കൊടുക്കുന്നതിനും കുളിപ്പിക്കുന്നതിനുമൊക്കെ മെഷീനുകളുടെ സഹായം തേടി. 25 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇത്തരത്തിലുള്ള ടെക്‌നോളജികള്‍ ഉപയോഗിച്ചത് എന്നുള്ളതാണ് വ്യത്യസ്തത. ഇതിനു ഗവണ്‍മെന്റ് തലത്തില്‍ നിന്നും നിരവധി അംഗീകാരങ്ങളും തേടിയെത്തി.

വെറും വെള്ളപാക്കറ്റില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്ന പാലിന്, ഡിമാന്‍ഡ് കൂടി വന്നതോടെ തിരുവനന്തപുരം ജില്ലയില്‍ നിന്നും കൊല്ലം പത്തനംതിട്ട ജില്ലകളിലേക്കും വില്‍പ്പന വ്യാപിച്ചു. അപ്പോഴാണ്, ഒരു ബ്രാന്‍ഡ് നെയിമിന്റെ ആവശ്യകത ഉടലെടുത്തതും. ശേഷം ഐഡി എന്ന പേരിലേക്ക് എത്തിച്ചേര്‍ന്നു. രാത്രി 12 മണി വരെ പണിയെടുത്ത്, പുലര്‍ച്ചെ രണ്ടുമണിക്ക് എഴുന്നേറ്റ് വീണ്ടും കൃഷിയിടത്തിലേക്ക് പോകുന്ന രഞ്ജിത്തിന് ആശ്വാസത്തിന്റെ തണലായി നിന്നത് അമ്മ ഇന്ദിര ആയിരുന്നു. താന്‍ ഉറങ്ങിയിട്ട് മാത്രം ഉറങ്ങുന്ന അമ്മ, താന്‍ എഴുന്നേല്‍ക്കുന്നതിന് മുന്നേ എഴുന്നേല്‍ക്കുമായിരുന്നുവെന്നും രഞ്ജിത്ത് പറയുമ്പോള്‍, ആ കണ്ണുകളില്‍ അമ്മയോടുള്ള കടപ്പാട് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെയാണ് അമ്മ ഇന്ദിരാദേവിയുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചുരുക്കി ഐഡി എന്ന പേര് തന്റെ സംരംഭത്തിന് നല്‍കിയത്. ആദ്യം അമ്മയാണ് പിന്തുണയുമായി കൂടെനിന്നതെങ്കില്‍, കല്യാണശേഷം ഭാര്യയും ഭാര്യയുടെ അമ്മയും കൂടെകൂടി. നാളെ രണ്ടു പെണ്‍മക്കളും തന്റെ തോള്‍ ചാരാനുള്ള ഇടമാവും എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തില്‍ എല്ലായിടത്തും പാല്‍ വില്പന വ്യാപിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ പാലിന് പുറമേ, ഡയറി പ്രോഡക്ടുകളും വില്പനയ്ക്ക് എത്തിച്ചു. ബട്ടര്‍, നെയ്, പനീര്‍ തൈര് തുടങ്ങി ഒട്ടുമിക്ക എല്ലാ പ്രോഡക്ടുകളും ഇന്ന് വില്പനയ്ക്ക് ഉണ്ട്. കൂടാതെ ഫുഡ് ഐറ്റംസും ഐഡിആര്‍ എന്ന പേരില്‍ പുറത്തിറക്കുന്നുണ്ട്. ഇത്തവണ അമ്മയുടെ പേരിനൊപ്പം തന്റെ പേരിന്റെ ആദ്യാക്ഷരം കൂടി ചേര്‍ത്താണ് നെയിമിങ് ചെയ്തത്. ഇഡ്ഡ്‌ലി- ദോശ മാവ്, ബ്രെഡ്, ദില്‍ഖുഷ്, ചപ്പാത്തി, സ്‌നാക്ക്‌സ് തുടങ്ങി നൂറോളം പ്രോഡക്റ്റുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കമ്പനി തുടങ്ങി 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ഇന്ന് 50 കോടിയോളം രൂപയാണ് വിറ്റുവരവ്.