കരിയര്‍ കളറാക്കി Aican അക്കാദമി
ക്ലാസ് അവസാനിച്ചപ്പോള്‍ ആ നാലു പെണ്‍കുട്ടികള്‍ സലാം ചൊല്ലി പിരിഞ്ഞു. പിരിയും മുന്‍പേ ആത്മമിത്രങ്ങളായ അസ്മില സലിമും, അഫ്‌നാന്‍ അബ്ദുല്‍ അസീസും ഇര്‍ഫാന ഇബ്രാഹിമും, ജഹ്ഷ സലാമും ഒരു തീരുമാനമെടുത്തു. വീണ്ടും ഒന്നിക്കും, ഒന്നിനു മാത്രം. ഒരു ബിസിനസ് തുടങ്ങാന്‍ !. അധിക നാള്‍ വേണ്ടി വന്നില്ല. വയനാടന്‍ കുന്നിറങ്ങിയും നാടുകാണി ചുരമിറങ്ങിയും നാലു പേര്‍ ഒത്തു കൂടി. ഉദ്യോഗാര്‍ത്ഥികള്‍ക്കായി, വിദേശത്തേക്ക് പറക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമിക്ക് തുടക്കമിട്ടു. വേറിട്ടൊരു കോച്ചിങ് അക്കാദമി. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കു പോകാനുള്ള ലൈസന്‍സ് നേടുന്നതിനുള്ള എക്‌സാം കോച്ചിങ് സെന്റര്‍. ' ഐക്കാന്‍ അക്കാദമി എല്‍എല്‍പി '.
നാല് പെണ്‍കുട്ടികള്‍ കണ്ട കോച്ചിങ് അക്കാദമി ഇന്ന് ബിസിനസായി വളര്‍ന്നു പന്തലിച്ചു. ഒപ്‌റ്റോമെട്രിക് പാസായ നാലു പേരും എങ്ങനെയാണ് ഐക്കാന്‍ അക്കാദമി തുടങ്ങുന്നതിലെത്തിയതെന്ന് ചോദിച്ചാല്‍ അഫ്‌നയ്ക്കും ജഹ്നയ്ക്കും പറയാനൊരു അനുഭവ കഥയുണ്ട്. ഇരുവരും പഠന ശേഷം ഗള്‍ഫ് രാജ്യത്തേക്കു പറക്കാന്‍ ഡിഎച്ച്എ പരീക്ഷയെഴുതി ലൈസന്‍സ് നേടി. അതിനു ശേഷം കൂടെ വര്‍ക്ക് ചെയ്യുന്നവരും ,കോളജില്‍ പഠിച്ച സുഹൃത്തുക്കളുമൊക്കെ ലൈസന്‍സ് എക്സാമുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങി. അങ്ങനെ ആണ് ഒരു കോച്ചിങ് സെന്റര്‍ തുടങ്ങുവാനുള്ള ഐഡിയ ലഭിക്കുന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനുള്ള ലൈസന്‍സ് നേടുന്നതിനുള്ള കോച്ചിങ് സെന്ററുകള്‍ പരിമിതമാണെന്നും അറിയാനായി. അങ്ങനെ എന്തുകൊണ്ട് കോച്ചിങ് സെന്റര്‍ ആരംഭിച്ചു കൂടാ എന്ന ചോദ്യത്തില്‍ നിന്നാണ് 2021ല്‍ അക്കാദമി തുടങ്ങുന്നത്. മലപ്പുറം കോട്ടയ്ക്കലില്‍ നിന്നാണ് ഐക്കാന്‍ അക്കാദമി എല്‍എല്‍പിക്ക് തുടക്കമിട്ടത്.
ആത്മവിശ്വാസത്തോടെ പറക്കാം
ആദ്യം ഒപ്‌റ്റോമെട്രിയിലാണ് പരിശീലനം നല്‍കിയത്. ഇതിനായുള്ള സിലബസ് നാലു പേരും ചേര്‍ന്ന് സെറ്റാക്കി. പരിശീലനവും ആരംഭിച്ചു. ആദ്യ പരിശ്രമം വിജയമായി. മറ്റു കോഴ്‌സുകള്‍ കഴിഞ്ഞവരും ഈ ലൈസന്‍സിനായി ശ്രമം നടത്തുന്നതായി അറിഞ്ഞതോടെയാണ് വിവിധ കോഴ്‌സുകളെ കൂടി ഉള്‍പ്പെടുത്തിയത്. അതോടെ സിലബസും കോഴ്‌സുകളും ഫാക്കല്‍റ്റികളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്ക് ഇനി ആത്മവിശ്വാസത്തോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാമെന്ന് ഇവര്‍ പറയുന്നു. ഒമാന്‍, ഖത്തര്‍, സൗദി, ബഹ്‌റൈന്‍ & കുവൈറ്റ്, ദുബായ് എന്നിങ്ങനെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഹാഡ്, എംഒഎച്ച്, ഡിഎച്ച്എ, ഒപ്‌റ്റോമെട്രിക് തുടങ്ങി വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഐക്കാന്‍ അക്കാദമി നല്‍കുന്ന കോഴ്‌സില്‍ ചേരാം. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ലൈസന്‍സ് നേടുന്നതിനുള്ള പരിശീലനങ്ങളാണ് കോഴ്‌സില്‍ നല്‍കുന്നത്. അറബിക് ഭാഷ അടക്കം ഓരോ രാജ്യങ്ങളില്‍ ആവശ്യമായ ഭാഷയും ആ രാജ്യങ്ങളിലെ ലൈഫ് സ്റ്റൈല്‍ രീതികളും ക്ലാസുകളിലൂടെ പരിശീലിപ്പിക്കും. ഈ കോഴ്‌സുകളില്‍ മാത്രമല്ല, റേഡിയോളജി, ഡയാലിസിസ്, ഫിസിയോ തെറാപ്പി, ഓഡിയോളജി, എംഎല്‍റ്റി, ആയുര്‍വേദ നഴ്സിംഗ്, ഫാര്‍മസി, സ്പീച്ച് തെറാപ്പി പതോളജിസ്റ്റ് അടക്കം 19 കോഴ്‌സുകളുടെ ലൈന്‍സന്‍സ് എക്സാമിനായുള്ള കോച്ചിങ് ഐക്കാന്‍ അക്കാദമി നല്‍കി വരുന്നു. പ്രവാസികളുടെ പറുദീസയായ മലപ്പുറത്തെ കോട്ടയ്ക്കലില്‍ നിന്നു തുടക്കമിട്ട അക്കാദമിയുടെ മറ്റൊരു സെന്റര്‍ മാസങ്ങള്‍ക്കു മുന്‍പു കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലും ആരംഭിച്ചു.
രാജ്യം ഏതുമാവട്ടെ; പരിശീലനം ഇവിടെ റെഡി!
ഏത് രാജ്യത്തുള്ളവര്‍ക്കും പരിശീലനത്തിനു ചേരാം. പൂര്‍ണമായും ഓണ്‍ലൈന്‍ കോഴ്‌സുകളാണ് നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യാര്‍ത്ഥം പഠന സമയത്തിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളികള്‍ മാത്രമല്ല, വിദേശികള്‍ വരെ ക്ലാസുകള്‍ നയിക്കുന്നു. 30 ഓളം മികച്ച അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്. ആരോഗ്യ മേഖലയിലെ ഉന്നത പദവികളിലുള്ളവരും ആഴത്തില്‍ അറിവുള്ളവരുമാണ് എല്ലാ ഫാക്കല്‍റ്റികളും. അതാത് രാജ്യങ്ങളിലെ ഭാഷ പഠനവും ചികിത്സാ രീതികളും മറ്റും പരിശീലിപ്പിക്കുന്നതിനാണ് വിദേശ ഫാക്കല്‍റ്റികള്‍ പരിശീലനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനു പിന്നിലെന്ന് ഇവര്‍ പറയുന്നു. പരിശീലനം നല്‍കിയതു കൊണ്ടു മാത്രം ഐക്കാന്‍ അക്കാദമിയുടെ ഉത്തരവാദിത്വം കഴിയുന്നില്ല. എക്‌സാം കഴിയുന്നതു വരെ ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ട അസിസ്റ്റന്‍സും നല്‍കുന്നു. ഓരോ ബാച്ചിലെയും വിദ്യാര്‍ത്ഥികള്‍ വിജയിക്കുന്നതനുസരിച്ചാണ് പുതിയ ബാച്ചിലേക്ക് കടക്കുന്നത്. ഒട്ടേറെ പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ച് പാസായിട്ടുണ്ട്. നിലവില്‍ പഠിക്കുന്നുമുണ്ട്. വിദേശത്ത് ജോലി ലഭിച്ചില്ലങ്കിലെന്ത് നാട്ടിലൊരു ബിസിനസ് തുടങ്ങാന്‍ കഴിഞ്ഞതിലും അത് വിജയിച്ചതിന്റെയും ആത്മസംതൃപ്തിയാലാണ് അസ്മില സലിമും, അഫ്‌നാന്‍ അബ്ദുല്‍ അസീസും ഇര്‍ഫാന ഇബ്രാഹിമും, ജഹ്ഷ സലാമും. വരും നാളുകളില്‍ മറ്റിടങ്ങളിലേക്കും സെന്ററിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണിവര്‍.