തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശിയായ ഡെയ്സ് ആന്റണിയുടെ കഥ, ഒരു സിനിമ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോൾ കല്യാണം, ഇരുപതാം വയസ്സിൽ മകൾ ജനിച്ചു. എന്നാൽ ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ ഡെയ്സിന് താല്പര്യമില്ലായിരുന്നു. പിന്നീട് എൽഎൽബിയും എംബിഎയും കരസ്ഥമാക്കി. കൂടെ എല്ലാ പിന്തുണയുമായി ഭർത്താവും ഉണ്ടായിരുന്നു. പഠനശേഷം നേരേ ജോലിയിലേക്ക്. ഐ.സി.ഐ.സി.ഐ. യിൽ നിന്നും, ടി.സി.എസ്., പിന്നീട് വിപ്രോ, അങ്ങനെ ഡെയ്സിന്റെ കരിയറിന്റെ ഗ്രാഫ് ഉയർന്നുകൊണ്ടേയിരുന്നു.
കരിയറിന്റെ ഏറ്റവും ടോപ്പിൽ നിൽക്കുമ്പോൾ, തന്റെ 39മത്തെ വയസ്സിൽ ജോലി രാജിവെച്ചു, നേരെ സംരംഭത്തിലേക്ക്. ഒരു ബുട്ടിക്ക് ആരംഭിച്ചു. തൊട്ടതെല്ലാം പൊന്നാക്കി മാത്രം ശീലമുള്ള ഡെയ്സിന്റെ ബുട്ടിക്കും വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ ആകർഷിച്ചു. ബിസിനസ് വൻ വിജയമായി. എന്നാൽ 2018ലെ പ്രളയം, ഡെയ്സിന്റെ ജീവിതത്തിലെ വില്ലനായി. 24 ലക്ഷം രൂപയുടെ സ്റ്റോക്കും മെഷിനറികളും, പ്രളയത്തിൽ നഷ്ടമായി. ഇനിയെന്ത് എന്ന ചോദ്യത്തിന്, അധികം വൈകാതെ തന്നെ അവർ ഉത്തരവും കണ്ടുപിടിച്ചു. ഉടൻതന്നെ ഒരു കമ്പനിയിൽ ബിസിനസ് അഡ്വൈസറായി ജോലിക്ക് കയറി.
എന്നാൽ തന്റെ ഉള്ളിലെ സംരംഭക, ആ ജോലിയിൽ സംതൃപ്ത ആയിരുന്നില്.
ചൈനയിലേക്കുള്ള ഒരു ട്രിപ്പ്, ആ സംരംഭകയുടെ ഉറക്കം കളഞ്ഞു കൊണ്ടേയിരുന്നു. ചൈനയിലെ ബിസിനസ്സ് അവസരങ്ങൾ തിരിച്ചറിഞ്ഞ അവർ കൈയിൽ ബാക്കി ഉണ്ടായിരുന്ന പൈസയുമായി ചൈനയ്ക്ക് പറന്നു. ആ ലോകം വലുതായിരുന്നു... ഡെയ്‌സും പതിയെ വളരാൻ തുടങ്ങി. ഡിആൻഡ്ആർ ഗോൾഡൻ വിങ്സ് ട്രേഡിങ് കമ്പനിയുടെ സിഇഒ ആണ്, ഇന്ന് ഡെയ്സ് ആന്റണി.
ചെറിയ മുതൽ മുടക്കിൽ നിന്നും കോടികളുടെ വിറ്റുവരവിലേക്ക് ഡെയ്സ് പറന്നു കയറി. ചെറിയ തോൽവികളിൽ തട്ടി തടഞ്ഞു വീണിരുന്നെങ്കിൽ, ഇന്നീ കാണുന്ന ഉയരത്തിലേക്ക് ഓടിക്കയറാൻ ഡെയ്സിന് സാധിക്കില്ലായിരുന്നു. ചെറിയ തോൽവികളിൽ പോലും തളർന്നുപോകുന്ന ഒരുപാട് പേർക്കുള്ള, പാഠ പുസ്തകമാണ് ഡെയ്സ്....