'മീന്‍ചട്ടി' ഈ പേര് കേള്‍ക്കാത്ത, ഇവിടുത്തെ മീന്‍ വിഭവങ്ങള്‍ കഴിക്കാത്ത കൊച്ചിക്കാര്‍ ഉണ്ടാവില്ല. കാരണം അത്രയേറെ ഫേമസാണ് ഇവിടുത്തെ മീന്‍ രുചികള്‍. മീന്‍ വിഭവങ്ങള്‍ക്ക് മാത്രമായി ഒരു കട. സാധാരണക്കാരുടെയും സെലിബ്രിറ്റികളുടെയുമൊക്കെ ഇഷ്ടഭക്ഷണശാല. വെളിയത്തുനാട് സ്വദേശിയായ അബ്ദുള്‍ കലാം ആസാദ് ആണ് മീന്‍ചട്ടിയുടെ അമരക്കാരന്‍.
2018വരെ വണ്ടി കച്ചവടവും വര്‍ക്ക്‌ഷോപ്പ് ബിസിനസുമായി കഴിഞ്ഞിരുന്ന അബ്ദുള്‍ കലാമിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് വെള്ളപ്പൊക്കമായിരുന്നു. സാമ്പത്തികമായി നഷ്ടത്തിലായ കലാമിനെ, കൊറോണ കാലം വീണ്ടും തളര്‍ത്തി. ബിസിനസ് തകര്‍ന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അനിശ്ചിതത്തിലായ വര്‍ഷങ്ങള്‍... പട്ടിണി മുന്നില്‍കണ്ട് ചൂണ്ടയും എടുത്ത് പുഴയിലേക്ക് ഇറങ്ങി. പട്ടിണി മാറ്റാനാണ് പോയി തുടങ്ങിയെങ്കിലും പിന്നീട് ഇതൊരു ഉപജീവനമാര്‍ഗം ആക്കിക്കൂടെ എന്ന ചിന്തയുണ്ടായി. ആവശ്യമുള്ളത് വീട്ടിലേക്ക് പാകം ചെയ്യാനും ബാക്കിയുള്ളത് വില്‍ക്കാനും തുടങ്ങിയപ്പോഴാണ്, ഇതിനുള്ളിലെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞു തുടങ്ങിയത്. അങ്ങനെയാണ് 2021 ഡിസംബറില്‍, കളമശ്ശേരിയില്‍ ആദ്യത്തെ ഔട്ട്‌ലെറ്റ് തുറന്നത്.
മീന്‍വിഭവങ്ങള്‍ ചേര്‍ത്ത്, ഉച്ചഭക്ഷണം മാത്രം കിട്ടുന്ന കട. അബ്ദുള്‍ കലാമും ഭാര്യ ഷബ്നവും സുഹൃത്ത് സിനിയും ചേര്‍ന്ന്, മൂന്നുപേര്‍ മാത്രമായി തുടങ്ങിയ ചെറിയ കട. അന്നുമുതല്‍ ഇന്നുവരെ ഇവര്‍ തന്നെയാണ് ഇവിടെ പാചകം ചെയ്യുന്നത്, ഒരേ രുചിക്കൂട്ടില്‍. അതുകൊണ്ട് തന്നെ തുടക്കം മുതലേ ഒരേ രുചി തന്നെ പിന്തുടരാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. നമ്മുടെയൊക്കെ വീടുകളില്‍ അമ്മമാര്‍ ഉണ്ടാക്കി നല്‍കുന്ന അതേ സ്വാദാണ് ഇവിടെയും. യാതൊരുവിധ ആര്‍ട്ടിഫിഷ്യല്‍ കളറോ പ്രിസര്‍വേറ്റിവ്‌സോ ഉപയോഗിക്കാതെയുള്ള പാചകരീതിയാണ് ഇവിടത്തേത്. തങ്ങളുടെ മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ആഹാരം മാത്രമേ മറ്റുള്ളവര്‍ക്കും വിളമ്പുകയുള്ളു എന്നതാണ് ഇവരുടെ പോളിസി. തുടക്കത്തില്‍ വലിയ ലാഭം ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ക്വാളിറ്റിയുടെയും ക്വാണ്ടിറ്റിയുടെയും കാര്യത്തില്‍ ഇവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. വെറും നാല് ബെഞ്ചുകളില്‍ നിന്നാണ് ഇവര്‍ തുടങ്ങിയത്. അതിനുശേഷം, മുട്ടത്ത് ആരംഭിച്ച ഒരു ഹോട്ടലില്‍ ലഞ്ച് നടത്താന്‍ നാലു മണിക്കൂര്‍ ഓഫര്‍ വന്നപ്പോള്‍, കയ്യും നീട്ടി സ്വീകരിച്ച ഇവരെ മറ്റൊരു അവസരത്തില്‍ പിന്‍കാലുകൊണ്ട് തട്ടിയെറിഞ്ഞ തിക്താനുഭവവും ഉണ്ടായിട്ടുണ്ട്. അതിന് പിന്നിലെ കാരണമാണ് രസകരം, ഉച്ച സമയങ്ങളില്‍ അവിടെ കസ്റ്റമറിന്റെ തിരക്കായിരുന്നു, മറ്റു സമയങ്ങളില്‍ ഇല്ല താനും. ഈ ഒരൊറ്റ സംഭവത്തോടെ തന്നെ മനസ്സിലാക്കാം ഇവരുടെ റേഞ്ച്.
എന്നാല്‍ അതേ സ്ഥലത്ത്, അതേ മെട്രോ പില്ലറിന്റെ ഓപ്പോസിറ്റ്, ഒരു കട തുടങ്ങാന്‍ ഇവര്‍ക്ക് സാധിച്ചു എന്നതായിരുന്നു ഇവരുടെ മധുര പ്രതികാരം. അതിനുശേഷം ആണ് സെമിനാരിപ്പടിയില്‍ അടുത്ത ഔട്ട്‌ലെറ്റ് ആരംഭിച്ചത്. കളമശ്ശേരിയില്‍ ആരംഭിച്ച ആദ്യത്തെ ഔട്ട്‌ലെറ്റ്, തിരക്ക് കാരണവും സ്ഥലത്തിന്റെ ലഭ്യത കുറവ് കാരണവും അടച്ചു പൂട്ടിയിരുന്നു. സെമിനാരിപ്പടിയില്‍ തന്നെയാണ് സെന്‍ട്രല്‍ കിച്ചനും. ഇവിടെനിന്ന് ഭക്ഷണം പാകം ചെയ്താണ് മറ്റെല്ലാ ഔട്ട്ലെറ്റുകളിലേക്കും എത്തിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഒരേ രുചിയായിരിക്കും വിളമ്പുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ സഹായിക്കാനും വിളമ്പാനുമൊക്കെ കൂടെയുള്ളത് കൂടുതലും സ്ത്രീകളാണ്.
ഓണം കഴിയുന്നതോടെ, അങ്കമാലിയില്‍ മൂന്നാമത്തെ ഔട്ട്‌ലെറ്റും ആരംഭിക്കും. കാളാഞ്ചി ബൈ മീന്‍ചട്ടി എന്ന പേരിലായിരിക്കും ആരംഭിക്കുക. വെറും നാല് കിലോ അരിയില്‍ ചോറ് വെച്ച് തുടങ്ങിയ ഇവര്‍, മൂന്നു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ ഔട്ട്‌ലെറ്റ് ആണ് തുറക്കുന്നത്. മൂന്ന് പേരില്‍ തുടങ്ങി അറുപതിലേറെ തൊഴിലാളികളില്‍ എത്തി നില്‍ക്കുന്നു, ഇന്ന് മീന്‍ചട്ടി. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ഇത്രയും വളര്‍ച്ച നേടാന്‍ ഇവരെ സഹായിച്ചതും, ഒരു മാറ്റവും കലര്‍പ്പുമില്ലാത്ത രുചിക്കൂട്ട് തന്നെയാണ്. ഭാര്യ ഷബ്‌നം തന്നെയാണ് പ്രധാന കുക്ക്. കാളാഞ്ചി തേങ്ങാപാല്‍ കറിയാണ് ഇവരുടെ സിഗ്‌നേച്ചര്‍ ഡിഷ്. ഈ വിഭവത്തിന് ആരാധകര്‍ ഏറെയാണ്. ഊണിന് പുറമേ മീന്‍ കറിയായും പൊള്ളിച്ചും വറുത്തുമാണ് ഇവിടെ നല്‍കുന്നത്. ഇതുകൂടാതെ, കൊഞ്ച്, കക്ക, ഞണ്ട്, കണവ തുടങ്ങിയ മറ്റ് സീഫുഡ് വിഭവങ്ങളുമുണ്ട്. തലക്കറിയും ഇവിടെ വലിയ ഡിമാന്‍ഡുള്ള ഡിഷാണ്. അന്നന്ന് മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള, എല്ലാ മീനുകളും ഇവിടെയുണ്ടാവും. പഴകിയത് ഒന്നുപോലും ഉപയോഗിക്കില്ല എന്നതാണ് ഇവര്‍ തരുന്ന ഗ്യാരണ്ടി. മസാല പുരട്ടി റെഡിയാക്കിയ മീനുകള്‍, കസ്റ്റമറിന്റെ മുന്‍പില്‍ എത്തിച്ച്, അവര്‍ക്ക് ആവശ്യമായത് അപ്പപ്പോള്‍ തന്നെ പാകം ചെയ്തു നല്‍കുന്നു. അതുകൊണ്ടുതന്നെ ചൂടോടെ തങ്ങളുടെ ഇഷ്ടവിഭവങ്ങള്‍ മുന്നിലെത്തും.
അഭിനയപ്രേമി കൂടിയാണ് അബ്ദുല്‍ കലാം. ഇതിനോടകം തന്നെ, കുറച്ചധികം സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയില്‍, പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും ഇവിടെ അവധിയാണ്. ഫാമിലിടൈമിന് അത്രതന്നെ പ്രാധാന്യം നല്‍കുന്നുണ്ട് അബ്ദുള്‍ കലാം. ഇനി തുടങ്ങാനിരിക്കുന്ന ഓരോ ഔട്ട്‌ലെറ്റുകളും ഓരോ മീനിന്റെ പേരില്‍ ആയിരിക്കും അറിയപ്പെടുക. ഇത്രത്തോളം വളര്‍ത്തിയത് കസ്റ്റമേഴ്‌സ് ആണെന്നും അവരാണ് തന്റെ ഏറ്റവും വലിയ ബലമെന്നും, അവരോടാണ് നന്ദി പറയേണ്ടതെന്നും അബ്ദുള്‍ കലാം പറയുന്നു. മഹാസമുദ്രത്തിന്റെ ആഴത്തോളം വളരണമെന്നാണ് അബ്ദുള്‍ കലാമിന്റെയും ആഗ്രഹം, അഭിനയത്തിലും ബിസിനസിലും...