1940ൽ കോഴിക്കോട് വലിയങ്ങാടി കേന്ദ്രമാക്കി, ചക്കിലാട്ടിയ നല്ലെണ്ണ വിറ്റുകൊണ്ട് ആരംഭിച്ച ഒരു കുഞ്ഞുസംരംഭം. ഇന്ന് കേരളവും, തമിഴ്നാടും കടന്ന്, ഇരുപത്തിയാറ് രാജ്യങ്ങളിൽ പടർന്നു പന്തലിച്ച ബിസിനസ് ശൃംഖല. നല്ലെണ്ണ ബ്രാൻഡുകളിൽ മികച്ചത് ഏതെന്ന് ചോദിച്ചാൽ സംശയമേതുമില്ലാതെ പറയാനാകുന്ന രണ്ടേ രണ്ടക്ഷരം, ആർജി. 1940ൽ മൊടുവിൽ ഗോപാലനാണ് ആർജിയ്ക്ക് തുടക്കമിടുന്നത്. കോഴിക്കോടുള്ള സ്ഥാപനങ്ങളും, ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചായിരുന്നു ആദ്യം വിൽപ്പന. 2009ൽ കൊച്ചു മകനായ വിഷ്ണു, ആർജിയുടെ യാത്രയ്ക്കൊപ്പം ചേർന്നതോടെ കാലത്തിനൊപ്പമുള്ള മാറ്റങ്ങളിലേക്ക് കമ്പനി ചുവടു വച്ചു. കൊച്ചിയിൽ ഹോളി മാതാ കോളേജിലെ എംബിഎ പഠനം കഴിഞ്ഞ്, ഇന്ത്യയിലും, വിദേശത്തുമായി നാല് വർഷത്തോളം ജോലി ചെയ്ത ശേഷം, തന്റെ 26ാമത്തെ വയസിലാണ് വിഷ്ണു ഫാമിലി ബിസിനസിലേക്ക് കടക്കുന്നത്. ആർജിയുടെ റീട്ടെയിൽ വിഭാഗം സജീവമാകുന്നത് ഇതോടെയാണ്. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ മാത്രമാണ് ആദ്യം റീട്ടെയിൽ സെഗ്മെന്റ് തുടങ്ങിയത്. നാലു വർഷത്തിനുള്ളിലാണ് കേരളത്തിലുടനീളം ഇന്ന് കാണുന്ന വളർച്ചയിലേക്ക് ആർജി എത്തിയത്.
മാറ്റത്തിനൊപ്പം ആർജി
കേരളത്തിൽ നിലവിൽ ഏകദേശം 80% ഔട്ട്ലെറ്റുകൾ ആർജിയ്ക്കുണ്ട്. ഇതിനൊപ്പം, കയറ്റുമതിയിലൂടെ ജിസിസി രാജ്യങ്ങളിലും സമാന്തരമായി ആർജിയെ എത്തിച്ചു. ജിസിസി രാജ്യങ്ങളിലെ 65% നല്ലെണ്ണയുടെ മാർക്കറ്റ് ഷെയർ കൈയ്യാളുന്നത് ആർജിയാണ്. ആദ്യസമയത്ത്, യുഎഇയിലും, കുവൈത്തിലും, നിലവിൽ 26 രാജ്യങ്ങളിലും ആർജിയുടെ പ്രൊഡക്ടുകളെത്തുന്നു. കേരള മാർക്കറ്റിൽ പുതിയതായി ജിൻജിലെ ഓയിൽ, കായം, സർബത്ത്, എന്നിവയും കയറ്റുമതിയിൽ പാലക്കാടൻ മട്ട റൈസ്, മസ്റ്റഡ് ഓയിൽ എന്നിവയും ആർജി പോർട്ട്ഫോളിയോയിൽ കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ ടെക്നോളജിയായ എക്സ്പെല്ലർ ആണ് ഓയിൽ നിർമ്മാണത്തിനുപയോഗിക്കുന്നത്.
അച്ഛൻ, അമ്മ, മകൻ കോംബോയിലാണ് ആർജിയുടെ പ്രവർത്തനം. ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ പർച്ചേയ്സ് ചെയ്യുന്നത് അച്ഛൻ ആർജി രമേഷ് (ചെയർമാൻ), ആണ്. ഫാക്ടറി പ്രവർത്തനം, ജീവനക്കാർ, പ്രൊഡക്ഷൻ, ഉൽപ്പന്ന ഗുണമേന്മ വിലയിരുത്തൽ എന്നതെല്ലാം കൈകാര്യം ചെയ്യുന്നത് അമ്മ അംബിക രമേഷ് (മാനേജിംഗ് ഡയറക്ടർ). ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗ്, സെയ്ലിംഗ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മകൻ വിഷ്ണു ആർജി (എക്സിക്യൂട്ടീവ് ഡയറക്ടർ) ആണ്. ഭാര്യ നിള വിഷ്ണുവും, മക്കളായ വൈഷ്ണവി ആർജി, ആധ്യാത്മിക ആർജി എന്നിവരും ബിസിനസിൽ പൂർണ്ണ പിന്തുണയുമായി വിഷ്ണുവിനൊപ്പമുണ്ട്.
നിലവിൽ കയറ്റുമതിയിലൂടെയാണ് കൂടുതൽ വരുമാനം. അതുകൊണ്ടു തന്നെ 50,000 സ്ക്വയർ ഫീറ്റിൽ, അത്യാധുനിക സാങ്കേതിക വിദ്യയോടെയുള്ള ഹൈ ടെക്ക് ഫാക്ടറിയുടെ നിർമ്മാണം രാമനാട്ടുകര ഐക്കരപ്പടിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. പത്ത് വർഷത്തിനുള്ളിൽ ലോകത്തെല്ലായിടത്തും സാന്നിധ്യമറിയിക്കാനും, 20 പ്രൊഡക്ടുകൾ കൂടി പോർട്ട്ഫോളിയോയിൽ കൂട്ടിച്ചേർക്കാനും ആർജി പദ്ധതിയിടുന്നു. നിലവിൽ ആർജിയുടെ ഡയറക്ട് ബ്രാഞ്ച് പാലക്കാടും, കോഴിക്കോടുമാണുള്ളത്. പ്രധാന ഫാക്ടറി യൂണിറ്റ് മലപ്പുറം ജില്ലയിലെ ഐക്കരപ്പടിയിലും, മറ്റൊരു ഫാക്ടറി കണ്ണൂരിലെ മാഹിയിലുമാണ്. ഡെൽഹി, ബാംഗ്ലൂർ, ബോംബെ എന്നിവിടങ്ങളിലും ബ്രാഞ്ചുണ്ട്. തമിഴ്നാട് മാർക്കറ്റിലും ശക്തമായ സാന്നിധ്യവുമായി മുന്നോട്ടു പോവുകയാണ്. മധുര വരെ നിലവിൽ മാർക്കറ്റുണ്ട്. ഒരു വർഷത്തിനുള്ളിൽ തമിഴ്നാട് മുഴുവൻ പ്രൊഡക്ടുകളെത്തിക്കാനുള്ള ലക്ഷ്യത്തിലാണ്.