കോട്ടയം ഈരാറ്റുപേട്ടയിൽ പിതാവ് ആരംഭിച്ച പലചരക്കു കടയായിരുന്നു അബ്ദുൽ ഖാദറിന്റെയും കുടുംബത്തിന്റെയും വരുമാനമാർഗം. അബ്ദുല്‍ ഖാദറിന്റെ ഭാര്യ വീട്ടില്‍ അരി പൊടിച്ച് പുട്ടിനും അപ്പത്തിനുമുള്ള പൊടിയാക്കി സൂക്ഷിച്ചിരുന്നു. കൂടാതെ ആളുകള്‍ കൊണ്ടുവരുന്ന അരി കഴുകി വൃത്തിയാക്കി പൊടിച്ചു തിരികെ നല്‍കും. അന്നത്തെ കാലത്ത് ലഭിച്ചിരുന്ന പുട്ടുപൊടി ബ്രാൻഡുകൾ തന്റെ പലചരക്കുകടയിലും എത്തിയിരുന്നെങ്കിലും ചില സമയങ്ങളിൽ ലഭ്യതക്കുറവുമൂലം ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതനുസരിച്ച് കൊടുക്കാൻ കഴിയാതെ വന്നു. ഇതേത്തുടർന്നാണ് ഇന്ന് അന്താരാഷ്ട്രതലത്തിൽ വരെ എത്തിയ അജ്മി എന്ന ബ്രാൻഡിന്റെ ആരംഭം.
അബ്ദുൾ ഖാദർ തന്റെ സഹധർമിണിയോടൊപ്പം അരി പൊടിച്ച് വീട്ടിൽ തന്നെ വറുത്തു പുട്ടുപൊടിയാക്കി. പേരോ ബ്രാൻഡോ ഒന്നുമില്ലാതെ സ്വന്തം കടയിൽ വച്ച് മാത്രമായിരുന്നു വിൽപ്പന. ഗുണമേന്മയിൽ വിട്ടു വീഴ്ചയില്ലാത്തതിനാൽ പെട്ടെന്ന് തന്നെ ഉപഭോക്താക്കൾ പുട്ടുപൊടി വാങ്ങാൻ തുടങ്ങി. വാമൊഴിയായി കൂടുതൽ പേരിലേക്ക് 'അബ്ദുൾഖാദറിന്റെ കടയിലെ പുട്ടുപൊടി' എത്തി. സ്വന്തം കടയിൽ മാത്രം വിറ്റിരുന്ന ഉത്പന്നം പരിസരപ്രദേശങ്ങളിലും മറ്റും വിതരണം തുടങ്ങി. സ്കൂൾവിട്ടു വന്നതിനുശേഷം മൂന്നുമക്കളും പാക്കിങ്ങും മറ്റുമായി കച്ചവടത്തിൽ സഹായിച്ചു. അങ്ങനെ ഒരു കുടുംബത്തിൻറെ ഒത്തൊരുമയുള്ള പരിശ്രമത്തിൻറ ഫലമാണ് നമ്മൾ ഇന്ന് കാണുന്ന അജ്മി എന്ന ബ്രാൻഡ്.
പഠന ശേഷം മൂന്നുമക്കളും ഫാമിലി ബിസിനസിലേക്ക് ഇറങ്ങിയതോടെ ബ്രാൻഡ് വളർന്നു. ബ്രാൻഡിങ് നല്ല രീതിയിൽ നടത്തിയതിനുശേഷം സ്ഥാപനത്തിലേക്ക് കൂടുതൽ ഇൻവെസ്റ്റ്മെൻറ് ചെയ്യുകയും ഉത്പാദനക്ഷമത കൂട്ടുകയും ചെയ്തതോടെ കോട്ടയത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ബ്രാൻഡ് കേരളത്തിലങ്ങോളമിങ്ങോളം എത്തി. കണക്കുകൾ പരിശോധിച്ചാൽ 10 ലക്ഷത്തിലധികം ആളുകളാണ് ദിവസേന അജ്മി പുട്ടുപൊടി ഉപയോഗിക്കുന്നത്. കേരളത്തിലെ മുപ്പതിനായിരത്തിലധികം കടകളിൽ അജ്മി ഉത്പന്നം ലഭ്യമാണ്. ഇതു കൂടാതെ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും അജ്മി ഉത്പന്നം ലഭ്യമാണ്.
മായം ചേർക്കാത്ത നല്ല ഉത്പന്നം നൽ കുന്നതിനായി 100% ഗുണമേന്മയുള്ള അരി മാത്രം തിരഞ്ഞെടുത്ത് പ്രോസസ് ചെയ്തു ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് വിജയത്തിൻറെ പരസ്യമായ രഹസ്യം എന്ന് അബ്ദുൽ ഖാദർ പറയുന്നു. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നാൽ കൃത്യമായ വരുമാനവും വളർച്ചയും ഉണ്ടാകും എന്നതിന് ഉത്തമ ഉദാഹരണമാണ് അബ്ദുൽഖാദറും അദ്ദേഹത്തിൻറെ സംരംഭവും.