News Details
മലപ്പുറത്തെ കരിവാരക്കുണ്ടിൽ നിന്ന്, 35 വർഷങ്ങൾക്കു മുമ്പ് പ്രിൻസ് വിമാനം കയറി വിയന്നയിലെത്തി. പിതാവ് നൽകിയ 100 ഡോളർ ആയിരുന്നു ആകെയുണ്ടായിരുന്ന സമ്പാദ്യം. രണ്ടു വർഷത്തോളം പഠനവും പ്രാരാബ്ധങ്ങളുമായി കഴിഞ്ഞുകൂടി. പിന്നീട് പല ചെറിയ ബിസിനസുകളിലും കൂട്ടുപങ്കാളിയായി. പച്ചക്കറികളും ഇന്ത്യൻ ന്യൂസ് പേപ്പറുകളും വിമാനമാർഗ്ഗം വിയന്നയിൽ എത്തിച്ചു നൽകുന്നതു മുതൽ തുടങ്ങി, പ്രിൻസിന്റെ സംരംഭകത്വ ആശയങ്ങൾ. വിയന്നയിലെ അനന്തമായ ബിസിനസ് സാധ്യതകളെ പറ്റി മനസ്സിലാക്കിയ പ്രിൻസ്, 1999ൽ പ്രോസി എന്ന എക്സോട്ടിക് സൂപ്പർമാർക്കറ്റിന് തിരി തെളിച്ചു. അതൊരു ചരിത്രത്തിന്റെ തുടക്കമായിരുന്നു. പിന്നീട് കുടുംബത്തിലെ ഓരോ അംഗങ്ങളെയും ഓസ്ട്രിയയിൽ എത്തിച്ചു. പ്രിൻസിന്റെ മൂന്ന് സഹോദരങ്ങളും അവരുടെ പങ്കാളികളുമുൾപ്പെടെ എട്ടുപേർ ചേർന്നാണ് ഇന്ന് പ്രോസിയെ നയിക്കുന്നത്. 1500 സ്ക്വയർ ഫീറ്റിൽ ആരംഭിച്ച പ്രോസി ഇന്ന്, 7000 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ വളർന്നു. എക്സോട്ടിക് സൂപ്പർമാർക്കറ്റിൽ നിന്ന് , കോസ്മെറ്റിക്സ് ആൻഡ് ആയുർവേദ പ്രോഡക്ടുകളിലേക്കും പിന്നീട് സൗത്ത് ഇന്ത്യൻ തട്ടുകടയിലേക്കും അതിൽ നിന്ന് സൗത്ത് ഇന്ത്യൻ റസ്റ്റോറന്റിലേക്കും പ്രോസിയുടെ സാമ്രാജ്യം വളർന്നുകൊണ്ടിരുന്നു. ഇതിനോടകം തന്നെ, പ്രോസിയുടെ രണ്ടാമത്തെ എക്സോട്ടിക് സൂപ്പർമാർക്കറ്റ് ഒരു ഷോപ്പിംഗ് മാളിനുള്ളിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞിരുന്നു. പിതാവ് നൽകിയ ആ 100 ഡോളർ ഇന്ന് 100 കോടിയുടെ പ്രോസി എന്ന ബിസിനസ് സാമ്രാജ്യമാണ്.