News Details
തൊടുപുഴക്കാരനായ നൗഷാദിന്റെ ആദ്യ സംരംഭം ഒരു പലചരക്ക് കടയായിരുന്നു. കട വളരെ വിജയകരമായി മുന്നോട്ടു പോകുമ്പോഴാണ് സ്വന്തമായി ഒരു ബ്രാൻഡ് എന്ന സ്വപ്നം ഉടലെടുക്കുന്നത്. അങ്ങനെ തന്റെ ബാല്യകാല സുഹൃത്തുക്കളുമായി ചേർന്ന്, ഒരു കോക്കനട്ട് ഓയിലിന്റെ ബ്രാൻഡ് തുടങ്ങി. കടയുടെ പരാജയം മുന്നിൽ കണ്ടതോടെ, വീണ്ടും പലചരക്ക് കടയിലേക്ക് മടങ്ങിയെത്തി. എന്നാൽ, മനസ്സിൽ ഉറങ്ങിക്കിടന്ന സ്വന്തമായ് ഒരു ബ്രാൻഡ് എന്ന സ്വപ്നം നൗഷാദിനെ ഉറങ്ങാൻ സമ്മതിച്ചിരുന്നില്ല.
ഒരു സുഹൃത്തുമായി ചേർന്ന് വീണ്ടും അതേ ബിസിനസിലേക്ക്... എന്നാൽ അവിടെയും നൗഷാദിനെ കാത്തിരുന്നത് പരാജയത്തിന്റെ കയ്പ്പ് രസമായിരുന്നു. ഇടുക്കി ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രാന്റുകൾ, നിലവാരം കുറഞ്ഞ എണ്ണയാണ് വിൽക്കുന്നതെന്ന്, കേരളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനം നെഗറ്റീവ് ക്യാമ്പയിൻ നടത്തി. അതോടെ ആ സ്വപ്നത്തിന് മേലും കരിനിഴൽ വീണു. എന്നാൽ തോറ്റു കൊടുക്കാൻ മാത്രം നൗഷാദ് തയ്യാറായിരുന്നില്ല.
തന്റെ ബ്രാന്റിന്റെ പുനർജ്ജനിക്കായി, ജനിച്ചു വളർന്ന മണ്ണിൽ നിന്നും എറണാകുളത്തേക്ക് ചേക്കേറി. കഷ്ടപ്പാടും ദുരിതവും നിറഞ്ഞ നാളുകൾ... ഒരൊറ്റ മുറി ഷെഡിൽ, ബിസിനസും ഊണും ഉറക്കവും! നല്ലൊരു നാളേക്കായി രാപ്പകൽ പരിശ്രമിച്ചു. ഒടുവിൽ നന്മ എന്ന ബ്രാൻഡിന് തുടക്കം കുറിച്ചു. ബ്രാൻഡ് ജനങ്ങൾ ഏറ്റെടുത്തു, പുതിയ പങ്കാളികൾ വന്നു, നൗഷാദ് വിജയത്തിന്റെ രുചി അറിഞ്ഞു.
പിന്നീട് അത് "കേര സ്വാദ്"ലേക്ക് മാറി. എല്ലാ ബിസിനസിന്റെയും പ്രതിസന്ധിക്കാലമായ കോവിഡ് ലോക്ക്ഡൗണിലും, കേര സ്വാദ് 100 കോടിയിലധികം വിറ്റുവരവ് നേടി. പിന്നീട്, കേര സ്വാദിന്റെ സാരഥിയായ നൗഷാദും അദ്ദേഹത്തിന്റെ രണ്ടു മക്കളും ചേർന്നു പുതിയൊരു ബ്രാൻഡിന് തുടക്കം കുറിച്ചു... തമീമി ഫുഡ്സ്. മാറ്റങ്ങൾ എപ്പോഴും അനിവാര്യമാണ്, ഓരോ കാലഘട്ടത്തിന്റെയും പൾസ് അറിഞ്ഞ് ബിസിനസ് നടത്തുന്ന ഒരു വാപ്പയുടെയും രണ്ടു മക്കളുടെയും വിജയമാണ് തമീമി ഫുഡ്‌സും കേര സ്വാദും...